A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡൊണാള്‍ഡ് ട്രംപ് - പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം വന്‍തോതിലുള്ള വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാല്‍മിറയില്‍ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഈ നടപടിയെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. 'ഓപ്പറേഷന്‍ ഹോക്കി സട്രൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ഐസിസ് ഭീകരര്‍, അവരുടെ ആയുധപ്പുരകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

ഇതൊരു യുദ്ധത്തിന്‍റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്‍റെ പ്രഖ്യാപനമാണ് എന്ന് ഹെഗ്സെത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കന്‍ രാജ്യസ്നേഹികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് നല്‍കുന്ന ശക്തമായ തിരിച്ചടിയാണിതെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഈ സൈനിക നടപടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ കമാന്‍ഡിന്‍റെ നേതൃത്വത്തില്‍ ഫൈറ്റര്‍ ജെറ്റുകള്‍, അറ്റാക്ക് ഹെലികോപ്റ്ററുകള്‍, ആര്‍ട്ടിലറി എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജോര്‍ദാന്‍ വ്യോമസേനയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.

സിറിയയിലെ മധ്യമേഖലയിലുള്ള ഡസന്‍ കണക്കിന് ഐസിസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഭീകരവാദം തുടച്ചുനീക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ സിറിയന്‍ വിദേശകാര്യ മന്ത്രാലയവും അഭ്യര്‍ത്ഥിച്ചു.
2019 February