
Back to Home

ന്യൂഡല്ഹി: റഷ്യന് കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയില് എന്നിവക്ക് അമേരിക്ക ഉപരോധം ഏര്പ്പെടുത്തിയതോടെ റിലയന്സ് ഇന്ഡസ്ട്രീസ് എണ്ണ ഇറക്കുമതിയില് വന്തോതില് കുറവ് വരുത്താന് ഒരുങ്ങുന്നു. പ്രതിദിനം ശരാശരി 17 ലക്ഷം ബാരല് എണ്ണയാണ് റഷ്യയില്നിന്നും നിലവില് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ പാതിയും ഇറക്കുമതി ചെയ്തിരുന്നത് റിലയന്സായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരല് വീതം അടുത്ത 25 വര്ഷത്തേക്ക് വാങ്ങാന് കഴിഞ്ഞ ഡിസംബറില് റോസ്നെഫ്റ്റുമായി റിലയന്സ് ധാരണയിലെത്തിയിരുന്നു. റോസ്നെഫ്റ്റിന് യു. എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചതാണ് റിലയന്സിനെ പ്രതിരോധത്തിലാക്കിയത്. ഉപരോധം ഏര്പ്പെടുത്തിയ കമ്പനികളില്നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യന് കമ്പനികള്ക്കും അവ കടത്തുന്ന കപ്പലുകള്ക്കും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികള്ക്കുമെല്ലാം യു.എസിന്റെ ഉപരോധം ബാധകമാകും. റഷ്യന് എണ്ണ ഉല്പാദകരുമായുള്ള ഇടപാടുകള് അവസാനിപ്പിക്കാന് യു.എസ് ട്രഷറി വകുപ്പ് കമ്പനികള്ക്ക് നവംബര് 21 വരെയാണ് സമയം നല്കിയിട്ടുള്ളത്. റഷ്യന് എണ്ണ ഇറക്കുമതി പുനഃക്രമീകരിക്കല് നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന് സര്ക്കാറിന്റെ മാര്ഗനിര്ദേശങ്ങള് പാലിക്കുമെന്നുമായിരുന്നു റിലയന്സിന്റെ പ്രതികരണം. റഷ്യയുമായി ഇന്ത്യ ഇന്ധനവ്യാപാരം നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ആവര്ത്തിക്കുന്നതിനിടെയാണ് റിലയന്സ് പിന്മാറുന്നത്.
