
Back to Home

ന്യൂ യോര്ക്ക്: ഫൊക്കാന ന്യൂയോര്ക്ക് അപ്പ്സ്റ്റേറ്റ് റീജിയണല് കണ്വെന്ഷന്റെ ഒരുക്കങ്ങള് പൂര്ത്തിയായി. ഫുഡ് ഫെസ്റ്റിവല്, യൂത്ത് ഫെസ്റ്റിവല്, സ്പെല്ലിങ് ബീ കോംപറ്റീഷന്, ചിട്ടുകളി മത്സരം, ഫൊക്കാന കലഹരി ഇന്റര്നാഷണല് കണ്വെന്ഷന് കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോടെ ആണ് റീജണല് കണ്വെന്ഷന് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര് 25, റോക്ക്ലാന്ഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില് വെച്ച് നടത്തുന്ന റീജണല് കണ്വെന്ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
ഫൊക്കാന ന്യൂയോര്ക്ക് റീജണല് കണ്വെന്ഷന് ഒരു സാംസ്കാരിക ഉത്സവം ആയിത്തന്നെയാണ് നടത്തുന്നത്. ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും, സാംസ്കാരിക തനിമയെയും അമേരിക്കയില് പരിചയപ്പെടുത്തുന്നതില് ഫൊക്കാന എന്നും മുന്പില് തന്നയാണ്. ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങള് ഉള്ക്കൊള്ളുന്ന മികച്ച ഭക്ഷണങ്ങള് ഉള്പ്പെടുത്തി ഫുഡ് ഫെസ്റ്റിവല് വേറിട്ടതാകുന്നു. കര്ണാടക, ഇറ്റാലിയന്, പഞ്ചാബി, മെക്സിക്കന്, ഹൈദരാബാദി, തായ്, തമിഴ്നാട്, ഗോവന് തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങള് അനായാസം രുചിമുകുളങ്ങളെ ത്രസിപ്പിക്കാന് കഴിയും എന്ന കാര്യത്തില് സംശയം ഇല്ല.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവലില് നിരവധി വിഭവങ്ങള് രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള് മനസിലാക്കാനും ഫെസ്റ്റിവല് സന്ദര്ശിക്കുന്നവര്ക്കായി അവസരം ഒരുക്കിയിരിക്കുന്നു.
സുഹൃത്തുക്കള് ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച ഒരു അവസരമാണ് ഫൊക്കാന റീജണല് കണ്വെന്ഷന്. തത്സമയ സംഗീത പരിപാടി ഉള്പ്പെടുത്തി ഒരു ഉത്സവ ആഘോഷമായാണ് റീജണല് കണ്വെന്ഷന് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ കലാ മേളകള് അവിസ്മരണീയമായ ഓര്മകളെ സൃഷ്ടിക്കാനും നമ്മുടെ ഓര്മ്മച്ചെപ്പില് സൂക്ഷിക്കാനും തക്ക രീതിയില് ആണ് പ്ലാന് ചെയ്തിരിക്കുന്നത്.
9 മണിക്ക് ആരംഭിക്കുന്ന ചീട്ടുകളി മത്സരം. 3 മണിമുതല് കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികള് തുടങ്ങി നിരവധി പരിപാടികള് ഉള്പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില് ഫാദര് ഡേവിസ് ചിറമേല് മുഖ്യഅതിഥിയായി പങ്കെടുക്കുന്നതോടൊപ്പം ഫൊക്കാന പ്രസിഡന്റ് സജിമോന് ആന്റണി, മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
റീജണല് കണ്വെന്ഷന്റെ പ്രവര്ത്തനങ്ങള്ക്കായി റീജണല് വൈസ് പ്രസിഡന്റ് ആന്റോ വര്ക്കി, റീജണല് കോര്ഡിനേറ്റര് ഷീല ജോസഫ്, റീജണല് സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണല് ട്രഷറര് ഷൈമി ജേക്കബ്, റീജണല് ജോയിന്റ് സെക്രട്ടറി സാജന് മാത്യു, റീജിയണല് സ്പോര്ട്സ് കോര്ഡിനേറ്റര് ലിജോ ജോണ്, യൂത്ത് ഫെസ്റ്റിവല് കോര്ഡിനേറ്റര് റോയി ആന്റണി എന്നിവരുടെ നേതൃത്വത്തില് ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നു.
