A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ഫൊറോനായില്‍ കിക്കോഫ് - മാര്‍ട്ടിന്‍ വിലങ്ങോലില്‍


ഹൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയില്‍ ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോനായില്‍ ഉജ്ജ്വല തുടക്കം. സഭയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതിനും രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കണ്‍വെന്‍ഷന്‍ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.

രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുന്‍ വികാരിയുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന്‍റെ നേതൃത്വത്തിലുള്ള കണ്‍വെന്‍ഷന്‍ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, അസിസ്റ്റന്‍റ് വികാരി ഫാ. ജോര്‍ജ് പാറയില്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

2019ല്‍ ഹൂസ്റ്റണില്‍ വിജയകരമായി നടന്ന കണ്‍വെന്‍ഷന്‍റെ കണ്‍വീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ ചിക്കാഗോ കണ്‍വെന്‍ഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കണ്‍വെന്‍ഷന്‍ സെക്രട്ടറി ബീന വള്ളിക്കളം, ഐടി നാഷണല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍, രജിസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം എന്നിവര്‍ കണ്‍വെന്‍ഷന്‍റെ രൂപരേഖ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ പ്രിന്‍സ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയില്‍, വര്‍ഗീസ് കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിനിടെ തന്നെ അന്‍പതോളം കുടുംബങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് ഇടവകാംഗങ്ങളുടെ വലിയ താല്പര്യത്തിന് തെളിവായി. 2026 ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിലെ വിഖ്യാതമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് സഭാ സംഗമം അരങ്ങേറുന്നത്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും കണ്‍വന്‍ഷന്‍ സെന്‍ററാണിത്.

രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ടുള്ള ക്ലാസുകള്‍, ബിസിനസ് മീറ്റുകള്‍, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനും പ്രവാസി സഭയുടെ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കാനും ഈ കണ്‍വെന്‍ഷന്‍ വേദിയാകുമെന്ന് രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ംംം.്യെൃീഇീി്ലിശേീി.ീൃഴ

2019 February