
Back to Home

കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ 2026 ഓഗസ്റ്റ് 22ന് കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ മീറ്റ് നടത്തും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ വന്‍ പങ്കാളിത്തം ഉറപ്പായി. അഞ്ച് ഗ്ലോബല്‍ റീജിയനുകളിലെയും വിവിധ പ്രൊവിന്‍സുകളിലെയും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ഗ്ലോബല്‍ ചെയര്മാന് തോമസ് മൊട്ടയ്ക്കല്‍, പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ സണ്ണി വലിയത്ത്, വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന്) ജെയിംസ് കൂടല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍ ടി.പി.വിജയന് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.
മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ ജനപ്രതിനിധികള്‍, സാഹിത്യ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുക, ലോകമെമ്പാടുമുള്ള വൈഎംസി നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ സ്പോണ്സര്ഷിപ്പില് നടപ്പാക്കുന്ന 1 കോടി ഗ്ലോബല്‍ നഴ്സിംഗ് സ്കോളര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ ആകെ 100 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 1,00,000 വീതം വിദ്യാഭ്യാസ സഹായം നല്‍കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്തു വച്ച് ജനുവരിയില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിയില്‍ നടക്കുന്ന വൈഎംസി ഗ്ലോബല്‍ മീറ്റില്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ശേഷിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുടര്‍ഘട്ടങ്ങളില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡബ്ല്യുഎംസി തിരുകൊച്ചി പ്രൊവിന്‍സ് സമ്മേളനത്തിന്റെ ഏകോപന ചുമതല വഹിക്കും.
