A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.

Back to Home

ഫൊക്കാന സാഹിത്യ വിഭാഗത്തിന്‍റെ രക്ഷാധികാരികളായി ഡോ. എം. വി. പിള്ളയും സി. വി. ബാലകൃഷ്ണനും ചുമതലയേറ്റു - ജിജി റ്റോം, ഫൊക്കാന പി.ആര്‍.ഓ

ഫൊക്കാന സാഹിത്യ വിഭാഗത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിച്ചിരിക്കുകയാണ്. നിശ്ചിത ലക്ഷ്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുമായി, കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ചെയര്‍മാന്‍ ബെന്നി നെച്ചൂര്‍ ഡോ.എം.വി. പിള്ളയുമായും പ്രശസ്ത സാഹിത്യകാരന്‍ സി. വി. ബാലകൃഷ്ണനുമായും ബന്ധപ്പെടുകയും, അവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്തതായി ഫൊക്കാന പ്രസിഡന്‍റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാന സാഹിത്യ വിഭാഗത്തിന്‍റെ രക്ഷാധികാരികളായി പ്രമുഖ വ്യക്തിത്വങ്ങളെ ക്ഷണിക്കണമെന്ന തന്‍റെ നിര്‍ദ്ദേശം കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് സാഹിത്യ വിഭാഗം അഡ്വൈസറായ സോണി അമ്പൂക്കന്‍ വ്യക്തമാക്കി. ഉത്തര അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കും രചനകള്‍ക്കും നാട്ടില്‍ അര്‍ഹമായ ശ്രദ്ധയോ പ്രചാരണമോ ലഭിക്കുന്നില്ല എന്ന ദീര്‍ഘകാലത്തെ പരാതിക്ക് പരിഹാരം കാണാന്‍ കൂടിയാണിത്.

രക്ഷാധികാരികളെന്ന നിലയില്‍ ഇരുവരുടെയും സജീവ സാന്നിധ്യം അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികള്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രചാരവും ഉറപ്പാക്കാന്‍ സഹായിക്കും. എഴുത്തുകാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനൊപ്പം, അവരുടെ കൃതികളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ കൃത്യമായ ഇടം ഉറപ്പാക്കാനും ഇരുവരും നേതൃത്വം നല്‍കും. കൂടാതെ, പ്രശസ്ത സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, സാറാ ജോസഫ് എന്നിവരും ഫൊക്കാന സാഹിത്യ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കേ അമേരിക്കന്‍ മലയാളി എഴുത്തുകാരെയും ഫൊക്കാനയുടെ സാഹിത്യ സംരംഭങ്ങളെയും പിന്തുണയ്ക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്ക് ലഭിക്കുന്ന വലിയൊരു ബഹുമാനമായി കരുതുന്നുവെന്നും സാഹിത്യ കമ്മിറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വ പിന്തുണയോടെയും ഒപ്പമുണ്ടാകുമെന്നും ഇരുവരും ബെന്നി നെച്ചൂരിനെ അറിയിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് ജനറല്‍ സെക്രട്ടറിയായിരുന്ന 2018ല്‍ ബെന്നി സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍, സാറാ ജോസഫിന്‍റെ മകളും പ്രശസ്ത എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്‍റെڅആസിഡ് എന്ന നോവലിന് ഫൊക്കാന സാഹിത്യ അവാര്‍ഡ് നല്‍കി ആദരിച്ചത് ഓര്‍മ്മിപ്പിച്ചപ്പോള്‍ സാറാ ജോസഫ് ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് അതിനോട് പ്രതികരിച്ചത്. സി. വി. ബാലകൃഷ്ണനോടുള്ള തന്‍റെ ആഴത്തിലുള്ള ആദരവ് 1983 ഏപ്രിലില്‍څമാതൃഭൂമി വാരികയില്‍ ആയുസ്സിന്‍റെ പുസ്തകം പരമ്പരയായി വന്ന കാലം മുതലുള്ളതാണെന്നും, അന്നുമുതല്‍ അദ്ദേഹത്തിന്‍റെ കൃതികളെ നിരന്തരം പിന്തുടരുന്ന വായനക്കാരനാണ് താനെന്നും വൈസ് ചെയര്‍മാന്‍ മുരളി നായര്‍ പറഞ്ഞു. ഫൊക്കാനയുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരുടെയും പിന്തുണ ലഭിച്ചതില്‍ അളവറ്റ സന്തോഷമുണ്ടെന്നും, അവരുടെ ജ്ഞാനവും ഉപദേശങ്ങളും കമ്മിറ്റിക്കും വടക്കേ അമേരിക്കയിലുടനീളമുള്ള എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വലിയ ഊര്‍ജ്ജമാണെന്നും ഭാരവാഹികളായ ഗീത ജോര്‍ജ്, ബിജു ജോര്‍ജ്, ജോര്‍ജ്ജ് നടവയല്‍ എന്നിവര്‍ നന്ദിയോടെ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച്.ഡി. പ്രബന്ധത്തിന് കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് ഫൊക്കാന നല്‍കുന്ന അവാര്‍ഡാണ് ഭാഷയ്ക്കൊരു ഡോളര്‍. കേരള സര്‍വകലാശാലയാണ് ഈ അവാര്‍ഡ് നിര്‍ണ്ണയത്തിന് നേതൃത്വം നല്‍കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. ഈ പദ്ധതിയിലൂടെ മുന്‍കാലങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേര്‍ ഇന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ (തിരൂര്‍, മലപ്പുറം) അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു എന്ന അഭിമാനകരമായ വിവരം ഫിലിപ്പോസ് ഫിലിപ്പിനെ ഡോ. എം. വി. പിള്ള അറിയിച്ചു. പുതിയ നിയമനങ്ങളെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്‍റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആന്റോ വര്‍ക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ലിന്‍ഡോ ജോളി, വൈസ് പ്രസിഡന്‍റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കന്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മന്‍, അസോസിയേറ്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, വുമണ്‍സ് ഫോറം ചെയര്‍ ഷൈനി രാജു എന്നിവര്‍ ഐക്യകണ്ഠേന സ്വാഗതം ചെയ്തു.

2019 February